Friday, December 26, 2014

സൂര്യ താപസൻ

കണ്ണൂരിൽ നിന്നും പുലർച്ചെ പുറപ്പെട്ട് കോയമ്പത്തൂർക്കു പോകുന്ന പാസഞ്ചറിൽ , പലപ്പോഴും കോഴിക്കോടേക്കു യാത്ര ചെയ്യുന്ന ഞാൻ, വഴി വക്കിലുള്ള വീടുകളിൽ ചിലർ ആകാശത്തേക്കു നോക്കി നിൽക്കുന്ന ഒരു കാഴ്ച സ്ഥിരമായി കാണാറുണ്ടായിരുന്നു.

പറമ്പിലും പാടത്തും വീട്ടുമുറ്റത്തും ടെറസിലുമൊക്കെ മേലോട്ടു നോക്കി നിൽക്കുന്ന ആ ജനങ്ങൾ സൂര്യനെ ഉപാസിക്കുന്നവരാണെന്നു പറഞ്ഞു തന്നത് മാഹിയിൽ നിന്നുള്ള ഒരു സുഹൃത്താണ്.

ഹീരാ രത്തൻ മനേക്ജി എന്നയാളുടെ ശിഷ്യരാണത്രെ ഇവർ.

ഹീരാ രത്തൻ മനേകിനെപ്പറ്റി ഞാൻ മുമ്പു തന്നെ കേട്ടിരുന്നു.

നല്ല മാർക്കോടു കൂടി മെഡിസിൻ പാസായ മിടുക്കനായ ഒരു ഡോക്റ്ററാണ് ഹീരാ രത്തൻ മനേക്ജി എന്നയാളൂടെ സിദ്ധികളെപ്പറ്റി എന്നോട് ആദ്യമായി പറഞ്ഞത്.

ഞാൻ വ്യക്തമായി ഓർക്കുന്നു - ഒരു ഡോക്റ്റർ പറയുമെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത നിർഭാഗ്യകരമായ ഒരു വാചകമാണ് അദ്ദേഹം പറഞ്ഞത്.
" നമ്മൾ പഠിച്ചതെല്ലാം തെറ്റ് , ആഹാരം കഴിക്കാതെയും മനുഷ്യനു ജീവിക്കാം, ഇവിടെ ഒരാൾ അതു തെളിയിച്ചു കൊണ്ടിരിക്കയാണ്." - ഇതാണ് പറഞ്ഞത്.

സൂര്യനിൽ നിന്നു നേരിട്ട് ഊർജ്ജം സ്വീകരിക്കുന്ന വിദ്യയാണ് ഹീരാ രത്തൻ മനേക് പഠിച്ചത്. അതാണ് അദ്ദേഹം ലോകമെമ്പാടുമുള്ള ശിഷ്യരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഹീരാ രത്തൻ മനേകിനു ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല.

ഗുജറാത്തിലാണ് ജനിച്ചതെങ്കിലും ഹീരാ രത്തൻ മനേക് കേരളത്തിലാണ് വളർന്നത്. കോഴിക്കോട്ടാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.കേരള സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം കുടുംബപരമായ ബിസിനസിൽ തന്നെ ജോലി ചെയ്യുകയായിരുന്നു.വിരമിച്ചതിനു ശേഷം സൂര്യനെ നോക്കുന്ന വിദ്യ പരിശീലിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹം മുഴുവൻ സമയവും ചെലവാക്കുകയായിരുന്നു.

 മനുഷ്യനു ജീവിക്കാൻ ഭക്ഷണം ആവശ്യമില്ല എന്നാണ് ഹീര രത്തൻ മനേക്ജിയുടെ സിദ്ധാന്തം. 1995 നു ശേഷം അദ്ദേഹം ജീവിച്ചത് സൂര്യനിൽ നിന്നുള്ള ഊർജ്ജം നേടിയാണെന്നു അവകാശപ്പെടുന്നു. അദ്ദേഹം ഇപ്പോൾ ഖരഭക്ഷണമൊന്നും കഴിക്കാറില്ല.

ചായ , കാപ്പി, ബട്ടർമിൽക്ക് എന്നിവ കുടിക്കാറുണ്ട്. ഇത് കൂടുതലായും ഒരു സാമൂഹിക ഉദ്ദേശം വെച്ചാണ്.

വെറും വെള്ളം മാത്രം കുടിച്ചു കൊണ്ട് ഹീര രത്തൻ മനേക് മൂന്നു നീണ്ട നിരാഹാരങ്ങൾ നടത്തിയിട്ടുണ്ട്.. വൈദ്യ ശാസ്ത്ര സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു ഇത്.

ആദ്യത്തേത് കോഴിക്കോട്ട് വെച്ച് ഡോ. സി. കെ രാമചന്ദ്രന്റെ നിരീക്ഷണത്തിൽ 211 ദിവസം നീണ്ടു നിന്നു.

രണ്ടാമത്തേത് അഹമ്മദാബാദിൽ വെച്ചായിരുന്നു. 2000- 2001 ല് വലിയൊരു മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇത്. ഇത് 411 ദിവസം നീണ്ടു നിന്നു.

മൂന്നാമത്തെ ഉപവാസം വിദേശത്തു വെച്ചായിരുന്നു. ഫിലഡെൽഫിയയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരമായിരുന്നു ഇത്. 130 ദിവസം ഇത് നീണ്ടു നിന്നു. അന്നും ഒരു മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷണവിധേയമാക്കി. അദ്ദേഹത്തിന്റെ തലച്ചോറും റെറ്റിനകളും പീനിയൽ ഗ്രന്ഥികളും നിരീക്ഷണത്തിനു വിധേയമാക്കി.


ഇതിനു ശേഷം അദ്ദേഹം കൂടുതൽ പ്രശസ്തനായി. അദ്ദേഹത്തിനു ലോകമെമ്പാടും ആരാധകരുണ്ടായി. വിവിധരാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം അവിടെയെല്ലാം തന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു.


' സൺ ഗ്ലേസിങ്ങ് ' പരിശീലനക്ലാസുകൾ എല്ലായിടങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. ബി.ബി.സി അടക്കമുള്ള ചാനലുകൾ അദ്ദേഹവുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തു. ഹീര രത്തൻ മനേക് പ്രതിഭാസത്തെപ്പറ്റി ഡോക്യുമെന്ററികൾ ഉണ്ടായി.

ഭക്ഷണമില്ലാതെ മനുഷ്യനു ജീവിക്കാൻ പറ്റുമെന്നു പറയുന്നവർ മുമ്പു തന്നെ ഇവിടെ ഉണ്ടായിരുന്നു. ബ്രീത്തേറിയനിസം എന്നാണ് ഈ വിദ്യ അറിയപ്പെടുന്നത്.

ചൈനയിലേയും ഇന്ത്യയിലേയും ഈജിപ്റ്റിലേയുമൊക്കെ പുരാതന ഗ്രന്ഥങ്ങളിൽ നിന്നാണ് , പിന്നെ ജൈനമതത്തിൽ നിന്നുമാണ് ബ്രീത്തേറിയനിസത്തിന്റെ പിറവി എന്നാണ് പറയപ്പെടുന്നത്.


പ്രാണശക്തിയാണ് ശരീരത്തെ നില നിർത്തുന്നത്. പ്രാണശക്തിയെ ഉയർത്തിയെടുത്താൽ പിന്നെ ഭക്ഷണം ആവശ്യമില്ല. കുട്ടിയായിരിക്കുമ്പോൾ ആർജ്ജിച്ച ഒരു ദു:ശീലമാണ് ഭക്ഷണം കഴിക്കൽ. മുതിർന്നവരാണ് ആ ശീലം കുട്ടികളിലുണ്ടാക്കുന്നത്. ഭക്ഷണം- ദഹനപ്രക്രിയകൾ ആണ് രോഗമുണ്ടാക്കുന്നത്. ശരീരത്തിനു വേണ്ട എല്ലാ പോഷണങ്ങളും വായുവിൽ നിന്നു ലഭിക്കും . ഊർജം സൂര്യപ്രകാശത്തിൽ നിന്നും.


എന്തായാലും ബ്രീത്തേറിയനിസത്തിന്റെ പ്രചാരകർക്ക് ഇവിടെ കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. അതിന്റെ ഗുരുക്കൻമാർ ഇത് തെളിയിക്കുന്നതിൽ എപ്പോഴും തോറ്റു. ചിലരൊക്കെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടു. വൈലി ബ്രൂക്സ് എന്ന ബ്രീത്തേറിയനിസത്തിന്റെ വലിയൊരു ഗുരു ഹോട്ടലിൽ വെച്ച് ' ചൂടുള്ള പട്ടിയെ ' കഴിക്കുന്നത് അനുയായികൾ തന്നെ പിടിച്ചു.
കുറച്ചു പേർ ബ്രീത്തേറിയൻ പരീക്ഷണങ്ങൾക്കിടയിൽ മരിച്ചു പോയി. ശാസ്ത്രജ്ഞന്മാർക്കും സ്വതന്ത്രചിന്തകർക്കും മുന്നിൽ ബ്രീത്തേറിയൻ പ്രകടനം നടത്തിയ ആർക്കും അത് വിജയകരമായി പൂർത്തിയാക്കാൻ പറ്റിയില്ല..
ഈ സ്ഥലത്തെ വായു മലിനമായതിനാൽ പോഷകങ്ങൾ കിട്ടുന്നില്ലെന്നൊക്കെ അവർ ന്യായീകരണങ്ങൾ ചമച്ചു.
ഹീര രത്തൻ മനേകിന്റെ പ്രത്യേകത അദ്ദേഹം ദീർഘകാല ഉപവാസം ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ചു എന്നായിരുന്നു. ഡോക്റ്റർമാർ അടക്കമുള്ള വിദഗ്ദസംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു അദ്ദേഹം ഉപവാസം നടത്തിയത്.ആരോഗ്യനിലയും ശാരീരികപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 411 ദിവസത്തെ ഉപവാസത്തിനിടയിൽ ആദ്യത്തെ മൂന്നു മാസം കൊണ്ട് അദ്ദേഹം 19 കിലോ തൂക്കം കുറഞ്ഞു.എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു.
അദ്ദേഹത്തിന്റെ ശരീരത്തിൽ മറ്റു പ്രത്യേകതകളൊന്നും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല.
'ശരീരത്തിന്റെ തീവ്രമായ ഒരു അനുകൂല പ്രവർത്തനം' മാത്രമാണ് ഇതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.കടുത്ത പട്ടിണിയും ദാരിദ്ര്യവുമുള്ള കാലഘട്ടങ്ങളെ മനുഷ്യൻ അതിജീവിച്ചത് ഇത്തരം അനുകൂലനങ്ങളിലൂടെയാണ്. ഇത്തരം അനുകൂലനം നിരാഹാരസമരം നടത്തുന്ന പലരിലും കണ്ടിട്ടുണ്ട്.


ഈ അനുകൂലനങ്ങൾ പഠിക്കാനാണ് നാസ അദ്ദേഹത്തെ നാസയിലേക്ക് വിളിച്ചു വരുത്തിയത്. ബഹിരാകാശസഞ്ചാരികൾക്ക് ഈ പ്രതിഭാസത്തെ ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന് അന്വേഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം.പക്ഷെ, അദ്ദേഹത്തിന്റെ ആരാധകർ ഇതിനെ അദ്ദേഹത്തിനു കിട്ടിയ അംഗീകാരവും സ്വീകാര്യതയുമായാണ് കണ്ടത്. മാധ്യമങ്ങൾ അദ്ദേഹത്തെ വാഴ്ത്തിപ്പാടി. ' നാസ തേടുന്ന സൂര്യതാപസൻ ' എന്നൊക്കെ ലേഖനങ്ങൾ പടച്ചു വിട്ടു.
ഈ സൂര്യദർശന പരിപാടി വ്യാപകമായി പ്രചരിക്കപ്പെട്ടു. ഹീര രത്തൻ മനേകിനു ധാരാളം അനുയായികൾ ഉണ്ടായി.

സൂര്യനുദിച്ച് ഒരു മണിക്കൂറിനുള്ളിലാണ് സൂര്യനെ നോക്കേണ്ടത്.അല്ലെങ്കിൽ, അസ്തമിക്കുന്നതിന് ഒരു മണിക്കൂറിനുള്ളിൽ. നട്ടുച്ചക്കൊന്നും നോക്കരുത്.ആദ്യത്തെ ദിവസം ഒരു പത്തു സെക്കൻഡ് മാത്രമേ നോക്കാവൂ. പതുക്കെ സമയം കൂട്ടി വരണം. ആറു മാസം കഴിയുമ്പോൾ അര മണിക്കൂർ തുടർച്ചയായി സൂര്യനെ നോക്കാൻ പറ്റും. അപ്പോൾ ശരീരത്തിലെ കോശങ്ങളെല്ലാം ചാർജ് ആയി വരും.


ഇങ്ങനെ സൂര്യനെ നോക്കിക്കൊണ്ടിരുന്ന പലർക്കും കാഴ്ച ശക്തി കുറഞ്ഞതായി പരാതി ഉണ്ടായി. പക്ഷെ, ആരോട് പരാതിപ്പെടാൻ.


മനേക്ജി ഭക്ഷണം കഴിക്കാറില്ല എന്നു പരയുന്നത് വസ്തുതാപരമായി ശരിയല്ല. ഹീര രത്തൻ മനേക് തന്നെ പരഞ്ഞത് അദ്ദേഹം ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നില്ല എന്നാണ്.. അദ്ദേഹം ചായയും കാപ്പിയും  സംഭാരവുമൊക്കെ കുടിക്കാറുണ്ടെന്നാണ്.അമേരിക്കയിൽ ഈ വിദ്യ പഠിപ്പിക്കാൻ പോയ അദ്ദേഹം പറഞ്ഞത് താൻ ഖരഭക്ഷണം കഴിച്ചിട്ട് പത്തു വർഷത്തിലേറെയായെന്നാണ്. ഒരു മില്ല്യൺ ഡോളർ തരാമെന്നു പറഞ്ഞാലും താൻ ഭക്ഷണം കഴിക്കുകയില്ലെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ അവകാശപ്പെട്ടു. അനുയായികൾ കൈയടിയോടെ അത് അംഗീകരിച്ചു.


ഹീര രത്തൻ മനേക് പ്രതിഭാസത്തിന്റെ രസകരമായ ക്ലൈമാക്സ് അമേരിക്കയിൽ വെച്ചു തന്നെയായിരുന്നു. ഹീര രത്തൻ മനേക്ജി എന്ന സൂര്യതാപസൻ  അമേരിക്കയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെച്ച് ഭക്ഷണം കഴിക്കുന്നത് ചിലർ ഒളികാമറയിൽ ഫോട്ടോ എടുത്തു.
അദ്ദേഹത്തെപ്പറ്റി ഡോക്യുമെന്ററി നിർമ്മിക്കുന്നവരാണ് ഇപ്പണി പറ്റിച്ചത്.
പിടിച്ചപ്പോൾ കളവു പറഞ്ഞതാണ് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂടുതൽ നശിപ്പിച്ചത്. താൻ ഭക്ഷണമൊന്നും കഴിച്ചില്ലെന്നു പറഞ്ഞ മനേക്ജി  ചിലർ നൂറു ഡോളർ തരാമെന്നു പറഞ്ഞപ്പോൾ  താൻ ഭക്ഷണത്തിനു മുന്നിൽ ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയായിരുന്നുവെന്നു പറഞ്ഞു. ഫോടോ എടുക്കുന്നതിന് തനിക്ക് നൂറു ഡോളർ കിട്ടി എന്നു പറഞ്ഞ അദ്ദേഹത്തിന് അത് കാണിച്ചു കൊടുക്കാൻ പറ്റിയില്ല. മില്ല്യൻ ഡോളർ കിട്ടിയാലും ഭക്ഷണം കഴിക്കാത്ത ആൾ  എന്തിനു നൂറു ഡോളറിനു ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കണമെന്നും ചോദ്യം വന്നു.. റെസ്റ്റോറന്റുകാരാണെങ്കിൽ കഴിച്ച ഭക്ഷണത്തിന്റെ വിശദവിവരങ്ങളും ബിൽ തുകയും ഇവരോട് പറഞ്ഞു കൊടുക്കുകയും ചെയ്തു.
അവസാനം അദ്ദേഹം സമ്മതിച്ചു-  തന്റെ ശരീരം ആവശ്യപ്പെട്ടപ്പോൾ വർഷങ്ങൾക്കു ശേഷം ഒരിക്കൽ താൻ ഭക്ഷണം കഴിച്ചുവെന്ന്.


പക്ഷെ, അദ്ദേഹത്തിന്റെ വിശ്വാസ്യത തകരുകയും അനുയായികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു. എങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും മൂത്ര ചികിൽസ പോലെ ഇതിനും അനുയായികളുണ്ട്.


No comments:

Post a Comment

kuttippuram palam